വർക്ക്‌ഷോപ്പിൽ നിന്ന് കാർ മോഷ്ടിച്ച കുപ്രസിദ്ധ വാഹനമോഷ്ടാവ് അറസ്റ്റിൽ

പരിയാരം: പയ്യന്നൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ എത്തിയ പ്രതി ചെറുതാഴം ചുമടുതാങ്ങിയിലെ കാർ വാഷിംഗ് സെന്ററിൽ നിന്നു കാർ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ വാഹനമോഷ്ടാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കാസറഗോഡ് ബേക്കൽ പനയാൽ സ്വദേശിയായ ഹസ്ന മൻസിലിൽ ഇബ്രാഹിം ബാദുഷ (27) ആണ് പിടിയിലായത്.

പരിയാരം സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. വിനോയിയുടെ നേതൃത്വത്തിൽ എസ്‌.ഐ. സി. സനീത്, എ.എസ്‌.ഐ.മാരായ അരുൺ കുമാർ, ഗിരീഷ്, ഭാസ്കരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വടകര ചോമ്പാലയിൽ മറ്റൊരു വാഹനമോഷണവുമായി ബന്ധപ്പെട്ട് പിടികൂടിയത്.

കുടിയാന്മലന്യു നടുവിൽ ഗവ. ആശുപത്രിക്ക് സമീപം താമസിക്കുന്ന ഇ. മിഥുൻ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിയാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നവംബർ 20-ാം തീയതി പുലർച്ചെയാണ് മോഷണം നടന്നത്. പരാതിക്കാരന്റെ സഹോദരിയുടെ ഭർത്താവിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള കെ.എൽ-39-പി-8902 നമ്പർ സ്വിഫ്റ്റ് കാർ ആണ് മോഷണം പോയത്. അണ്ടർകോട്ടിംഗ് ചെയ്യുന്നതിനായി ചുമടുതാങ്ങിയിലെ കാംബ്രിഡ്ജ് കാർ വാഷിംഗ് സെന്ററിൽ നൽകിയത് ആയിരുന്നു വാഹനം.

സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് കാർ മോഷ്ടിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. പ്രതി എത്തിയതും മോഷ്ടിക്കപ്പെട്ട ബൈക്കിൽ തന്നെയാണ്. സമീപത്തെ നിരീക്ഷണ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. മോഷ്ടിച്ച ബൈക്ക് സ്ഥാപനം സമീപമേടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിവിധ ജില്ലകളിലായി 30-ഓളം വാഹനമോഷണങ്ങളിൽ പ്രതിയായ ഇബ്രാഹിം ബാദുഷയാണെന്ന് സ്ഥിരീകരിച്ചു. മോഷ്ടിച്ച കാർ വീണ്ടെടുക്കുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.