ഒരു ജനാധിപത്യ കഥ
ഓരോ ദിവസവും നമ്മൾ എത്രയെത്ര വാർത്തകൾ ആണല്ലോ കേൾക്കുന്നത്. തെരഞ്ഞെടുപ്പ് അരവം കഴിഞ്ഞു ഇനി ചെറിയ കാത്തിരിപ്പ് മാത്രം. ഭരണപക്ഷവും പ്രതിപക്ഷവും ഇല്ലാത്ത ജനാധിപത്യം ആണ് തദ്ദേശ തെരഞ്ഞെടുപ്പ്.
നോക്കൂ ജനാധിപത്യ സംരക്ഷണത്തിന് ഒരു പരിധിവരെ പോളിംഗ് ഓഫീസർമാർക്ക് പങ്കുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. പലതരം സർക്കാർ വകുപ്പുകൾ ഒരുമിച്ച് നടത്തപ്പെടുന്ന തെരഞ്ഞെടുപ്പ് ഇന്ത്യ പോലുള്ള വലിയ രാജ്യത്തിൻ്റെ സൗന്ദര്യം തന്നെയാണ്.
പോളിംഗ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥ സുഹൃത്തുക്കളുടെ അനുഭവങ്ങൾ എന്നോട് ചിലർ പങ്കിടാറുണ്ട്. ചിലത് ചിരിപ്പിക്കും, ചിലത് ചിന്തിപ്പിക്കും. “ഇന്നത്തെ പോളിംഗ് സ്റ്റേഷൻ അല്പം ‘അഡ്വഞ്ചറസ്’ ആണ്, എനിക്കുവേണ്ടി പ്രാർത്ഥിക്കണം” എന്നവരുടെ തമാശകളിൽ പോലും ഒരു യാഥാർത്ഥ്യത്തിന്റെ നിഴൽ മറഞ്ഞിരിക്കും.
പക്ഷേ ഈ വട്ടം, ഒരു സുഹൃത്ത് പറഞ്ഞ ഒരു സംഭവം നിങ്ങളും അറിയണം എന്ന് തോന്നി.
ഒരു ചെറിയ കഥ കേൾക്കാം!!!!
തിരഞ്ഞെടുപ്പ് തിരക്കിലേക്ക് കടക്കുന്ന ഒരു ശാന്തമായ രാവിലെ. തെരഞ്ഞെടുപ്പിന്റെ ആവേശം അല്പം അടങ്ങിയിട്ടുള്ള ഒരു സമയം. ഭരണപക്ഷം–പ്രതിപക്ഷം എന്ന വ്യത്യാസം മറന്നു, “വോട്ട് വന്നാൽ എല്ലാവരും ഒരേ ക്യൂവിൽ” എന്നൊരു സത്യം നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്ന ദിനം. ഈ ബൂത്തിൽ പോളിംഗ് തുടങ്ങി കഴിഞ്ഞു...
കണ്ണപുരം പതിനാലാം വാർഡ് · ഇടക്കേപ്പുറം എൽ.പി. സ്കൂൾ
പോളിംഗ് സ്റ്റേഷൻ പതുക്കെ നിറയുന്ന സമയം. അപ്പോഴാണ് ഒരു വയോധികൻ ഒരു ഓക്സിജൻ സിലിണ്ടർ താങ്ങി രണ്ട് കൊച്ചുമകന്റെ കരുതലിൽ സ്റ്റേഷനിലേക്ക് എത്തുന്നത്.
അതിശാന്തമായിരുന്ന സ്റ്റേഷൻ ആ നിമിഷം മുഴുവനും ആ മനുഷ്യനിലേക്കാണ് തിരിഞ്ഞത്.
വായുവിനേക്കാൾ വിലപ്പെട്ട ഒരു ശ്വാസം സഹായത്തോടെ അദ്ദേഹം പറഞ്ഞത്: “ഓപ്പൺ വോട്ട് ചെയ്യാനാണ് വന്നത്.”
ഉദ്യോഗസ്ഥർ അത്ഭുതത്തോടും ആദരത്തോടുമാണ് നോക്കിയത്. ഇത്രയും ബുദ്ധിമുട്ടിൽ വന്ന് വോട്ട് എന്ന കടമ നിറവേറ്റാൻ പാകത്തെ ആ ചങ്കൂറ്റം, അവരുടെ കണ്ണുകളിൽ അഭിമാനമായി തെളിഞ്ഞു.
ജനാധിപത്യം ജീവൻ കയ്യിൽ പിടിച്ചു നടന്നുവന്ന “നിങ്ങൾക്ക് കഴിയുന്നെങ്കിൽ… സ്വന്തമായി തന്നെ വോട്ട് ചെയ്ത് അഭിമാനം നേടാം,” അവർ പറഞ്ഞു.
എളിയൊരു ചിരിയോടെ ശ്വാസമെടുക്കാൻ ഓക്സിജന്റെ സഹായം വേണമെങ്കിലും അദ്ദേഹത്തിന്റെ മനസിന് സിലിണ്ടർ ആവശ്യമില്ലായിരുന്നു. അദ്ദേഹം വോട്ട് രേഖപ്പെടുത്തി. മനം നിറഞ്ഞ്… അഭിമാനത്തോടെ… ഒരതിജീവിതത്തിന്റെ വലിയൊരു വിജയം പോലെ. ആ മനുഷ്യൻ — കണ്ണൂർ, കണ്ണപുരം സ്വദേശി കൊലഞ്ഞാരി വീട്ടിൽ ഭരതൻ.
ഓപ്പൺ വോട്ടും സ്വന്തവോട്ടും ചർച്ചയാവുന്ന കാലഘട്ടത്തിൽ ഇത് അഭിമാനമുള്ള വോട്ട് — ജനാധിപത്യത്തിൻ്റെ കെട്ടുറപ്പ്.
അന്ന് പോളിങ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സായിലാൽ, ഹരികൃഷ്ണൻ, ശ്രീമ ശ്രീധരൻ, സീന എൻ വി ഒപ്പം മറ്റുള്ള ഒഫീഷ്യൽസ് — അവർക്ക് ഇത് ഒരു ഡ്യൂട്ടി മാത്രമല്ല, ജനാധിപത്യം ജീവനോടെ നടക്കുന്നത് നേരിട്ട് കണ്ട നിമിഷം ആയിരുന്നു.
അദ്ദേഹത്തിന്റെ മുഖത്ത് തെളിഞ്ഞ “സ്വയം വോട്ട് ചെയ്തു” എന്ന സന്തോഷത്തിന്റെ സൗന്ദര്യമുള്ള ദിവ്യ വെളിച്ചം അന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്ന എല്ലാവർക്കും ഒരു പാഠമായി: വോട്ട് ഒരു കടമ മാത്രമല്ല — ഒരു സ്വയം അഭിമാനമാണ്.
ഈ തെരഞ്ഞെടുപ്പിലും വലിയ കാരണങ്ങളൊന്നുമില്ലാതെ വോട്ട് ചെയ്യാതെ മാറി നിൽക്കുന്ന അനവധി പേരെ ഓർമ്മിപ്പിക്കുന്ന ഒരു ദൃശ്യവുമിത്.
പല പോളിംഗ് സ്റ്റേഷനുകളിലും റാംപ് സൗകര്യമില്ലാതെ തിരിച്ചുപോയ ഭിന്നശേഷിക്കാരുടെ വേദന വാർത്തയായി. പക്ഷേ… ഭരതൻ പോലെയുള്ള പൗരന്മാർയും ഇത്തരം ഉദ്യോഗസ്ഥരും ഒന്നിച്ചു ഉണ്ടെങ്കിൽ — റാമ്പ് ഇല്ലെങ്കിലും വഴി ഇല്ലെങ്കിലും ഒരാളും വോട്ട് ചെയ്യാതെ മടങ്ങേണ്ടി വരില്ല.
ഇതൊരു കഥയല്ല… ജനാധിപത്യത്തെ താങ്ങിപ്പിടിക്കുന്ന ഒരു യഥാർത്ഥ മനുഷ്യരുടെ യാത്രയാണ്.
✍️Shanil cheruthazham
അഭിമാനമായ ഓഫീസർമാർ ഇവർ
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


